2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

ഒരുപക്ഷേ ഇത് ഒടുവിലത്തെ പേജ്
ഒരുറപ്പുമില്ല എന്നെപ്പോലെ
അവസാനവാക്ക്  ?
നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും
തിരിച്ചറിവിന്റെ അവസാനം എന്താണ് ?
ഇനി ഏത് അറിവില്ലായ്മയെ ഭയക്കണം
 ഇന്നലെകളെ   പൊറുക്കുക ....
ഇതായിരിക്കാം എന്‍റെ കവിത
എവിടെയും വേരില്ലാത്ത
ആരെയും തൊടാത്ത ,
 എവിടെയോ സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ സന്ധ്യയുടെ നിറമുള്ള അക്ഷരം അറിയുന്നതിന് മുന്നേ ഞാന്‍ സ്വപ്നം കണ്ട ഇന്നു വരെ ആരോടും പറയാത്ത
ഒരു വൃന്ദാവനം ഉള്ളിലുള്ളിടത്തോളം ഇനിയും നിങ്ങള്‍ക്കറിയാത്ത ഭാഷയില്‍ ഞാന്‍ വീണ്ടും പിറന്നു കൊണ്ടേ ഇരിക്കും ..... 
എന്‍റെ നക്ഷത്രങ്ങളുടെ ലോകത്ത് .......

2011 ഫെബ്രുവരി 13, ഞായറാഴ്‌ച

A 2011 LoveStory

വാലന്‍ടിന്‍സ് ഡേയില്‍ ഫിനിക്ക്സ് പക്ഷിയും ഈയാം പാറ്റയും റിയാലിറ്റി ഷോ-ല്‍
പങ്കെടുക്കാന്‍ പോയി ; ചാരത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങി പ്രണയത്തിന്റെ മഹത്വം ഉദ്ഘോഷിച്ചു ഫിനിക്സിനു ജട്ജസിന്റെ കൈയടി കിട്ടി ,കണ്‍ടെസ്ടന്റ്റ് ഈയാം പാറ്റയുടെ
ഗദ്ഗദം "എടുത്തു ചാടല്ലേ അളിയാ....ചിറകൊടിയും........ "
      sms റേറ്റിങ്ങില്‍   മുന്നിലെത്തിയ  ഈയാം പാറ്റക്ക് 2 കോടിയുടെ ഫ്ലാറ്റ്
ഫിനിക്സ്‌ പക്ഷി എങ്ങോട്ടോ പറന്നുപോയി .ചാരം വാരാന്‍ ആയിരിക്കും അല്ലേ ????


We’re tapers too, and at our own cost die,
And we in us find th’ eagle and the dove.
The phoenix riddle hath more wit
By us; we two being one,are it;
So to one neutral thing both sexes fit.
We die and rise the same,and prove
Mysterious by this love.
ഇങ്ങനെ എഴുതിയ   John Donne
പിന്നെ പ്രണയത്തിന്റെ ആരാധകന്മാരും എന്നോട് ക്ഷമിക്കുക 


അദൃശ്യം

പൊരിവെയിലത്തും എന്‍റെ നക്ഷത്രങ്ങള്‍
പ്രകാശിച്ചിരുന്നു
നീ കണ്ണടച്ച് ഇരുട്ടക്കിയ മാനത്തേകാണ്‌
അവ മിഴി ചിമ്മി പറന്നു പോയത്
        

നിശബ്ദം

അരണ്ട വെളിച്ചങ്ങളിലെക്ക്
കിതച്ചു കെട്ട ഇരുട്ടിന്റെ
ജട പിടിച്ച മുടികളിലാണ്
രാത്രികള്‍ അള്ളിപ്പിടിക്കുന്നത്
പുലരാന്‍ തുടങ്ങുന്ന താഴ് വാരങ്ങളില്‍ എങ്ങോ
ഒരു മഴ ഉറങ്ങി കിടക്കുന്നുണ്ടാകും
പുറത്ത് വെയില്‍ ഉദിച്ചതറിയാതെ  

നിറങ്ങള്‍

 ചിലപ്പോഴൊക്കെ
കണ്ണാടികള്‍
എന്‍റെ നേത്രങ്ങളെ
വഞ്ചിക്കുന്നു
നിസ്സാരമായ
നിസ്സംഗതക്കുള്ളിലെ
വേലിയേറ്റങ്ങളെ 
അതിസമര്‍ത്ഥമായി മറയ്ക്കുന്നു
പകലിന്റെ വാതിലുകള്‍ അടച്ച്‌
ഒരു നിമിഷത്തെക്കെങ്കിലും 
മുന്നില്‍ തളച്ചിടുന്നു
വിശാലമായ ആകാശത്തിലേക്ക്
പടര്‍ത്താനുള്ള ചായക്കൂട്ടുകളെ
മിനുസമുള്ള പ്രതലത്തില്‍
അവ്യക്തമായി
ചേര്‍ത്ത് ഒഴുക്കുന്നു .......
                      

വിമര്‍ശനം

ഇനി പ്രതിവചനങ്ങള്‍ക്ക് കാതോര്‍ക്കേണ്ട
വാക്കേറിന്റെ മൂര്‍ച്ചകളില്‍
പിടയേണ്ട ,
ചുക്കിച്ചുളിഞ്ഞ കടലാസ് കഷ്ണങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട കവിതകള്‍
ചവറ്റുകുട്ടയുടെ
ആതിഥേയം കാത്തു കിടക്കുന്നു     

2011 ജനുവരി 23, ഞായറാഴ്‌ച

ക്ഷതം

കൊടുങ്കാറ്റിനും പേമാരിക്കും മുന്നേ
ആഞ്ഞടച്ച ജാലകപ്പാളിക്കിടയില്‍
ചതഞ്ഞരഞ്ഞ വിരല്‍ത്തുമ്പ്‌
ആര്‍ത്തലച്ച് ഒഴുകി നിലച്ച
ജീവനദിക്കപ്പോള്‍
മരവിപ്പിന്റെ കടും നീലനിറം   

തളര്‍ച്ച

കാല്‍വരിയിലെ മണ്ണ്
കടല്‍ എടുത്തപ്പോഴാണ്
നിന്നത് നിലത്താണെന്ന് ഓര്‍ത്തത്
പാതി തീര്‍ത്ത മണല്‍ക്കൊട്ടാരങ്ങളെ
കാറ്റിനു വിട്ടു കൊടുത്ത്
പാതാള ഗര്‍ഭങ്ങളുടെ
ഉള്‍കനിവുകളിലേക്ക്
നിര്‍ബോധം
ആഴ്ന്നിറങ്ങുമ്പോള്‍
കണ്ണില്‍ തെളിഞ്ഞ നീരിന്
അമ്മ തന്ന കഞ്ഞിവെള്ളത്തിന്‍റെ
ഇളംചൂട്,
പാടാതെ പോയ താരാട്ടിന്റെ നനവും...     

ഇടമില്ലാത്തിടം

തെന്നിമാറുന്ന
 ഇമയനക്കങ്ങളില്‍  നിന്ന്
മിന്നി മറയുന്ന
ഒളികണ്ണുകളില്‍  നിന്ന്‍
ആള്‍കൂട്ടങ്ങളുടെ
ഉപരിതലത്തില്‍ നിന്ന്‍
സ്വകാര്യതയുടെ
പരസ്യപ്പലകകളില്‍ നിന്ന്
തൊലി ഉരിയപ്പെട്ട  ഇടം
ഇടനാഴി അറ്റത്തെ
ഇരുട്ട് പുതച്ച് മാനം കാത്തു

 

2010 ഡിസംബർ 30, വ്യാഴാഴ്‌ച

കിരാതം

വേണ്ട, നീയും പങ്കിടേണ്ട
എന്‍റെ ദുഖത്തിന്‍ സ്വാര്‍ത്ഥ മോഹങ്ങളെ
കട്ടും കവര്‍ന്നും കരത്തില്‍ ഒതുക്കിയും
കാട്ടാളനീതിയില്‍ കാലം കഴിച്ചതും
നിന്‍റെ കണ്ണിലെന്‍
നേരിന്‍റെ മായാത്ത
നേര്‍ത്ത മൌനാനുവാദങ്ങള്‍ കണ്ടു ഞാന്‍
ഇന്നു നീ ചൊല്ലുന്നു
'താന്‍ താന്‍ നിരന്തരം ..... '
ചങ്കിടിപ്പോടെ ഞാന്‍ നില്‍ക്കുന്നു മൂകനായ്‌
എന്‍റെ ചുണ്ടില്‍ പനിച്ചു വിറക്കുന്നു
രണ്ടക്ഷരങ്ങളില്‍ ജീവന്‍ തുടിക്കുന്നു
എന്റെയോര്‍മ്മ തന്‍ പാഴ്ചിതല്‍ പുറ്റിതില്‍
ആദ്യകാവ്യ പ്രകാശം ജ്വലിക്കുവാന്‍
കാത്തിരിക്കുന്നു ഞാന്‍
ഏകാന്ത നോവിന്റെ  തീരാത്ത പാതയില്‍
ഇനിയും
 അതിനെത്ര "രാ വുകള്‍ മായണം....."










2010 ഡിസംബർ 26, ഞായറാഴ്‌ച

 എഴുതി വെട്ടിയ ഒരു കവിതയുണ്ട്
പുസ്തകത്തില്‍....
ചവച്ചരക്കാതെ തുപ്പിയ കറിവേപ്പിലക്കും
ഉരുകി ഉരുകി
കോലം മാറിയ
മെഴുകുതിരിക്കും
അത് 'ഡെഡിക്കേറ്റ് '
ചെയ്യുന്നു

ജപ്തി

നീ ഓടിപ്പോയിരിക്കുന്നു
അക്കരപ്പച്ചകളുടെ ഒളിവിലേക്ക്...
എരിയുന്നുണ്ട്‌
വിശപ്പിന്‍റെ
കനലൂതിക്കെടുത്തിയ പുകക്കണ്ണുകള്‍
കരയുന്നുണ്ട്
കുട്ടികള്‍
നക്കിക്കുടിക്കാന്‍ പട്ടിണി പോലുമില്ലാതെ
തപ്പി തടയുന്ന ദീനരോദനം
ശകാരഭയങ്ങളുടെ മൂത്രചാലുകളില്‍
ഉള്ളില്‍ തികട്ടിവരുന്നുണ്ട്
അന്ത്യ അത്താഴത്തിന്റെ
പുളിപ്പുകള്‍
നീ പോയിരിക്കുന്നു...
നടുവൊടിഞ്ഞ ചോദ്യങ്ങള്‍ക്ക്
തൂങ്ങിച്ചാവാന്‍
ഒരുത്തരം പോലും
ബാക്കി വെക്കാതെ
 

              

ഇവിടെ ഞാനില്ല

ബാല്യത്തില്‍ നിന്നും
ഒരു കുടന്ന തുമ്പപ്പൂവുകള്‍
ഞാന്‍ സൂക്ഷിച്ചിരുന്നു
നഷ്ട നൈര്‍മല്യത്തിന്റെ  പാതയില്‍
ഞാനത് വിതറിയിട്ടു.......
എന്നിലേക്കുള്ള വഴിയടയാളങ്ങളായി..........

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

മഴയെ എനിക്ക് ഇഷ്ടമായിരുന്നില്ല...........

എന്‍റെ കുപ്പായവും കുടയും നനച്ചു 
പുറത്തു കളിക്കാന്‍ വിടാതെ
 തിമിര്‍ത്ത് പെയ്യുന്ന മഴയെ 
എനിക്ക് ഇഷ്ടമായിരുന്നില്ല '

പരീക്ഷാ ഹാളിലെ 
ജനലഴികള്‍ക്കുള്ളിലൂടെ കടന്നു വന്ന്‍
എന്‍റെ ഉത്തരങ്ങള്‍ മായ്ച് 
(ചോദ്യങ്ങള്‍ ബാക്കി വെച്ച് )
കടന്നു പോകുന്ന മഴയോട് 
എനിക്ക് ദേഷ്യം ആയിരുന്നു,

ഇടിയൊച്ച കേട്ട് 
പേടിച്ചിരിക്കുന്ന എന്നെ 
തകര്‍ന്ന മേല്ക്കൂരക്കുള്ളിലൂടെ 
നോക്കി പൊട്ടിച്ചിരിക്കുന്ന മഴയോട് 
എനിക്ക് പരിഭവമായിരുന്നു

പിന്നെയെപ്പോഴെന്നറിയില്ല .......
നാടുകളില്‍ 
നഗരങ്ങളില്‍ 
പിഴച്ച ജീവിതത്തിന്‍റെ 
എച്ചില്‍പുറങ്ങളില്‍ 
ചീഞ്ഞളിഞ്ഞ  പുറം മോടികളില്‍ 
വിശുദ്ധിയുടെ നേര്‍ത്ത നൂലിഴകളാല്‍ 
തീര്‍ത്ഥം തെളിക്കുന്ന 
മഴയെ           
ഞാന്‍ അറിയാതെ സ്നേഹിച്ചുപോയി ...................

പറയാന്‍ മറന്നത്

എന്തോ പറയാന്‍ വന്നു ...
പ്ര.....
പ്രണയത്തെ കുറിച്ചാണോ ?
അല്ല
പണയത്തെക്കുറിച്ച്
കുറച്ചു പണം വേണമായിരുന്നു
ഈ .....പഴഞ്ചന്‍ ഹൃദയം എടുത്ത് ...
പറയാന്‍ പോകുന്നത് എന്തെന്ന് പിടികിട്ടി
പ്ര.....
അതുതന്നെ
'പ്രാഗ്മാടിസം'

"റിയാലിറ്റി" ഷോ

മിന്നിത്തിളങ്ങുന്ന
ഉടുപ്പില്‍ നിന്നും
കുട്ടി പാടിത്തുടങ്ങി
ടീ ഷേര്‍ട്ടും ജീന്‍സും ഉഗ്രന്‍ ...
പക്ഷെ.....
ഒട്ടിയ കവിളും വയറും
'ഭാവവും' 'സംഗതി'കളും പോരാ
വേദിയില്‍ നിന്നും ജഡ്ജസ്ന്റെ കമന്‍റ്
"ഹീ ഈസ്‌ എലിമിനേടട്"
കടം വാങ്ങിയ ഉടുപ്പ് അഴിച്ചുവെച്
കുട്ടി വീണ്ടും റിയാലിറ്റി ഷോയിലേക്ക്
ഉള്ളിന്‍റെ ഉള്ളിലെ വിശപ്പിന്‍റെ സംഗീതം
അവന്‍ ഉറക്കെ ചൊല്ലി
"അമ്മാ...വല്ലതും തരണേ  ......"
ചട്ടിയില്‍ 'സംഗതി'കള്‍ വീണു തുടങ്ങി.

കിനാവ്‌

 ആകാശം വെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു
കടലിനെ കടന്നു
നക്ഷത്രങ്ങളെ താഴെയാക്കി
ഹൃദയം വിശാലമാക്കാമെന്ന്
പകല്‍ക്കിനാവ് കണ്ടു
ദൂരവും ആഴവും
പ്രകാശവര്‍ഷങ്ങളും കൈഎത്താവുന്നതിലും അപ്പുറത്ത്‌..
ലോകം കീഴടക്കാന്‍ എന്തൊക്കെയോ
ചുരുങ്ങിയെ തീരൂ
'ആശയവിനിമയം'
'ആഗോളഗ്രാമം'  
ഇട്ടാവട്ടത്തെക്കാള്‍ ചെറുത് 
 എന്‍റെ ഹൃദയത്തെക്കാളും     ..                

പിശുക്ക്

വിഡ്ഢികളുടെ സ്വര്‍ഗത്തില്‍
 ഞാന്‍ കാത്തു വെച്ച 
പിശുക്കിന്‍റെ നാണ്യശേഖരം 
കാലഹരണപ്പെട്ടത് കൊണ്ട് 
  ഉപയോഗശൂന്യമായി പോയി 
ഒരിക്കല്‍ 
ഏതെങ്കിലും പുരവസ്തുഗവേഷകന്‍ 
തിരിച്ചറിയും 
പാഴായി പോയവ കള്ള നാണയങ്ങള്‍ അല്ലെന്ന്‍
അതു മാത്രം മതി 
തെമ്മാടിക്കുഴിയിലിരുന്നാശ്വസിക്കാന്‍............

"സൂപ്പര്‍" ഫിഷ്യല്‍..

നിന്‍റെ ഇയര്‍റിങ്ങ്സ്  നന്നായിട്ടുണ്ട് 
ഈ ഹെയെര്‍ സ്റ്റൈല്‍ ട്രെന്ടി ആണ് 
ഡാര്‍ക്ക്‌ കളര്‍  ലിപ്സ്ടിക്ക് 
കുറച്ചു കൂടി മാചായിരിക്കും 
ഔട്ഫിട്ടിനു ചേരുന്ന ബാഗ്‌ 
സൂപ്പര്‍ ആയിട്ടുണ്ട് ..
അവളുടെ കണ്ണുകള്‍ നിറഞ്ഞു 
ആ കണ്ണുനീരില്‍ അവന്‍ ആണെന്നറിയാതെ 
അടുത്ത കമന്‍റ്  
ഐലൈനറിന് ക്വാളിറ്റി പോരാ ........    

തുമ്മല്‍





ഹാഹ്..  ഛീ ...... .......
വിലപ്പെട്ടതെന്തോ തുമ്മിപ്പോയി
കൂടെ മൂക്കും ,
ഇത്രേ ഉണ്ടായിരുന്നൊള്ളൂ 
 എന്നാലും ശ്വസിക്കുന്നുണ്ട്
ശ്വാസം മുട്ടലിനും കുറവില്ല ..
മൂക്കില്ലാ രാജ്യത്ത് 
വിലസിക്കോട്ടേ 
ഈ പാവം' മുറിമൂക്കത്തി'