2011 ജനുവരി 23, ഞായറാഴ്‌ച

ക്ഷതം

കൊടുങ്കാറ്റിനും പേമാരിക്കും മുന്നേ
ആഞ്ഞടച്ച ജാലകപ്പാളിക്കിടയില്‍
ചതഞ്ഞരഞ്ഞ വിരല്‍ത്തുമ്പ്‌
ആര്‍ത്തലച്ച് ഒഴുകി നിലച്ച
ജീവനദിക്കപ്പോള്‍
മരവിപ്പിന്റെ കടും നീലനിറം   

തളര്‍ച്ച

കാല്‍വരിയിലെ മണ്ണ്
കടല്‍ എടുത്തപ്പോഴാണ്
നിന്നത് നിലത്താണെന്ന് ഓര്‍ത്തത്
പാതി തീര്‍ത്ത മണല്‍ക്കൊട്ടാരങ്ങളെ
കാറ്റിനു വിട്ടു കൊടുത്ത്
പാതാള ഗര്‍ഭങ്ങളുടെ
ഉള്‍കനിവുകളിലേക്ക്
നിര്‍ബോധം
ആഴ്ന്നിറങ്ങുമ്പോള്‍
കണ്ണില്‍ തെളിഞ്ഞ നീരിന്
അമ്മ തന്ന കഞ്ഞിവെള്ളത്തിന്‍റെ
ഇളംചൂട്,
പാടാതെ പോയ താരാട്ടിന്റെ നനവും...     

ഇടമില്ലാത്തിടം

തെന്നിമാറുന്ന
 ഇമയനക്കങ്ങളില്‍  നിന്ന്
മിന്നി മറയുന്ന
ഒളികണ്ണുകളില്‍  നിന്ന്‍
ആള്‍കൂട്ടങ്ങളുടെ
ഉപരിതലത്തില്‍ നിന്ന്‍
സ്വകാര്യതയുടെ
പരസ്യപ്പലകകളില്‍ നിന്ന്
തൊലി ഉരിയപ്പെട്ട  ഇടം
ഇടനാഴി അറ്റത്തെ
ഇരുട്ട് പുതച്ച് മാനം കാത്തു