2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

ഒരുപക്ഷേ ഇത് ഒടുവിലത്തെ പേജ്
ഒരുറപ്പുമില്ല എന്നെപ്പോലെ
അവസാനവാക്ക്  ?
നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും
തിരിച്ചറിവിന്റെ അവസാനം എന്താണ് ?
ഇനി ഏത് അറിവില്ലായ്മയെ ഭയക്കണം
 ഇന്നലെകളെ   പൊറുക്കുക ....
ഇതായിരിക്കാം എന്‍റെ കവിത
എവിടെയും വേരില്ലാത്ത
ആരെയും തൊടാത്ത ,
 എവിടെയോ സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ സന്ധ്യയുടെ നിറമുള്ള അക്ഷരം അറിയുന്നതിന് മുന്നേ ഞാന്‍ സ്വപ്നം കണ്ട ഇന്നു വരെ ആരോടും പറയാത്ത
ഒരു വൃന്ദാവനം ഉള്ളിലുള്ളിടത്തോളം ഇനിയും നിങ്ങള്‍ക്കറിയാത്ത ഭാഷയില്‍ ഞാന്‍ വീണ്ടും പിറന്നു കൊണ്ടേ ഇരിക്കും ..... 
എന്‍റെ നക്ഷത്രങ്ങളുടെ ലോകത്ത് .......

2011 ഫെബ്രുവരി 13, ഞായറാഴ്‌ച

A 2011 LoveStory

വാലന്‍ടിന്‍സ് ഡേയില്‍ ഫിനിക്ക്സ് പക്ഷിയും ഈയാം പാറ്റയും റിയാലിറ്റി ഷോ-ല്‍
പങ്കെടുക്കാന്‍ പോയി ; ചാരത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങി പ്രണയത്തിന്റെ മഹത്വം ഉദ്ഘോഷിച്ചു ഫിനിക്സിനു ജട്ജസിന്റെ കൈയടി കിട്ടി ,കണ്‍ടെസ്ടന്റ്റ് ഈയാം പാറ്റയുടെ
ഗദ്ഗദം "എടുത്തു ചാടല്ലേ അളിയാ....ചിറകൊടിയും........ "
      sms റേറ്റിങ്ങില്‍   മുന്നിലെത്തിയ  ഈയാം പാറ്റക്ക് 2 കോടിയുടെ ഫ്ലാറ്റ്
ഫിനിക്സ്‌ പക്ഷി എങ്ങോട്ടോ പറന്നുപോയി .ചാരം വാരാന്‍ ആയിരിക്കും അല്ലേ ????


We’re tapers too, and at our own cost die,
And we in us find th’ eagle and the dove.
The phoenix riddle hath more wit
By us; we two being one,are it;
So to one neutral thing both sexes fit.
We die and rise the same,and prove
Mysterious by this love.
ഇങ്ങനെ എഴുതിയ   John Donne
പിന്നെ പ്രണയത്തിന്റെ ആരാധകന്മാരും എന്നോട് ക്ഷമിക്കുക 


അദൃശ്യം

പൊരിവെയിലത്തും എന്‍റെ നക്ഷത്രങ്ങള്‍
പ്രകാശിച്ചിരുന്നു
നീ കണ്ണടച്ച് ഇരുട്ടക്കിയ മാനത്തേകാണ്‌
അവ മിഴി ചിമ്മി പറന്നു പോയത്
        

നിശബ്ദം

അരണ്ട വെളിച്ചങ്ങളിലെക്ക്
കിതച്ചു കെട്ട ഇരുട്ടിന്റെ
ജട പിടിച്ച മുടികളിലാണ്
രാത്രികള്‍ അള്ളിപ്പിടിക്കുന്നത്
പുലരാന്‍ തുടങ്ങുന്ന താഴ് വാരങ്ങളില്‍ എങ്ങോ
ഒരു മഴ ഉറങ്ങി കിടക്കുന്നുണ്ടാകും
പുറത്ത് വെയില്‍ ഉദിച്ചതറിയാതെ  

നിറങ്ങള്‍

 ചിലപ്പോഴൊക്കെ
കണ്ണാടികള്‍
എന്‍റെ നേത്രങ്ങളെ
വഞ്ചിക്കുന്നു
നിസ്സാരമായ
നിസ്സംഗതക്കുള്ളിലെ
വേലിയേറ്റങ്ങളെ 
അതിസമര്‍ത്ഥമായി മറയ്ക്കുന്നു
പകലിന്റെ വാതിലുകള്‍ അടച്ച്‌
ഒരു നിമിഷത്തെക്കെങ്കിലും 
മുന്നില്‍ തളച്ചിടുന്നു
വിശാലമായ ആകാശത്തിലേക്ക്
പടര്‍ത്താനുള്ള ചായക്കൂട്ടുകളെ
മിനുസമുള്ള പ്രതലത്തില്‍
അവ്യക്തമായി
ചേര്‍ത്ത് ഒഴുക്കുന്നു .......
                      

വിമര്‍ശനം

ഇനി പ്രതിവചനങ്ങള്‍ക്ക് കാതോര്‍ക്കേണ്ട
വാക്കേറിന്റെ മൂര്‍ച്ചകളില്‍
പിടയേണ്ട ,
ചുക്കിച്ചുളിഞ്ഞ കടലാസ് കഷ്ണങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട കവിതകള്‍
ചവറ്റുകുട്ടയുടെ
ആതിഥേയം കാത്തു കിടക്കുന്നു     

2011 ജനുവരി 23, ഞായറാഴ്‌ച

ക്ഷതം

കൊടുങ്കാറ്റിനും പേമാരിക്കും മുന്നേ
ആഞ്ഞടച്ച ജാലകപ്പാളിക്കിടയില്‍
ചതഞ്ഞരഞ്ഞ വിരല്‍ത്തുമ്പ്‌
ആര്‍ത്തലച്ച് ഒഴുകി നിലച്ച
ജീവനദിക്കപ്പോള്‍
മരവിപ്പിന്റെ കടും നീലനിറം