2010 ഡിസംബർ 30, വ്യാഴാഴ്‌ച

കിരാതം

വേണ്ട, നീയും പങ്കിടേണ്ട
എന്‍റെ ദുഖത്തിന്‍ സ്വാര്‍ത്ഥ മോഹങ്ങളെ
കട്ടും കവര്‍ന്നും കരത്തില്‍ ഒതുക്കിയും
കാട്ടാളനീതിയില്‍ കാലം കഴിച്ചതും
നിന്‍റെ കണ്ണിലെന്‍
നേരിന്‍റെ മായാത്ത
നേര്‍ത്ത മൌനാനുവാദങ്ങള്‍ കണ്ടു ഞാന്‍
ഇന്നു നീ ചൊല്ലുന്നു
'താന്‍ താന്‍ നിരന്തരം ..... '
ചങ്കിടിപ്പോടെ ഞാന്‍ നില്‍ക്കുന്നു മൂകനായ്‌
എന്‍റെ ചുണ്ടില്‍ പനിച്ചു വിറക്കുന്നു
രണ്ടക്ഷരങ്ങളില്‍ ജീവന്‍ തുടിക്കുന്നു
എന്റെയോര്‍മ്മ തന്‍ പാഴ്ചിതല്‍ പുറ്റിതില്‍
ആദ്യകാവ്യ പ്രകാശം ജ്വലിക്കുവാന്‍
കാത്തിരിക്കുന്നു ഞാന്‍
ഏകാന്ത നോവിന്റെ  തീരാത്ത പാതയില്‍
ഇനിയും
 അതിനെത്ര "രാ വുകള്‍ മായണം....."










2010 ഡിസംബർ 26, ഞായറാഴ്‌ച

 എഴുതി വെട്ടിയ ഒരു കവിതയുണ്ട്
പുസ്തകത്തില്‍....
ചവച്ചരക്കാതെ തുപ്പിയ കറിവേപ്പിലക്കും
ഉരുകി ഉരുകി
കോലം മാറിയ
മെഴുകുതിരിക്കും
അത് 'ഡെഡിക്കേറ്റ് '
ചെയ്യുന്നു

ജപ്തി

നീ ഓടിപ്പോയിരിക്കുന്നു
അക്കരപ്പച്ചകളുടെ ഒളിവിലേക്ക്...
എരിയുന്നുണ്ട്‌
വിശപ്പിന്‍റെ
കനലൂതിക്കെടുത്തിയ പുകക്കണ്ണുകള്‍
കരയുന്നുണ്ട്
കുട്ടികള്‍
നക്കിക്കുടിക്കാന്‍ പട്ടിണി പോലുമില്ലാതെ
തപ്പി തടയുന്ന ദീനരോദനം
ശകാരഭയങ്ങളുടെ മൂത്രചാലുകളില്‍
ഉള്ളില്‍ തികട്ടിവരുന്നുണ്ട്
അന്ത്യ അത്താഴത്തിന്റെ
പുളിപ്പുകള്‍
നീ പോയിരിക്കുന്നു...
നടുവൊടിഞ്ഞ ചോദ്യങ്ങള്‍ക്ക്
തൂങ്ങിച്ചാവാന്‍
ഒരുത്തരം പോലും
ബാക്കി വെക്കാതെ
 

              

ഇവിടെ ഞാനില്ല

ബാല്യത്തില്‍ നിന്നും
ഒരു കുടന്ന തുമ്പപ്പൂവുകള്‍
ഞാന്‍ സൂക്ഷിച്ചിരുന്നു
നഷ്ട നൈര്‍മല്യത്തിന്റെ  പാതയില്‍
ഞാനത് വിതറിയിട്ടു.......
എന്നിലേക്കുള്ള വഴിയടയാളങ്ങളായി..........

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

മഴയെ എനിക്ക് ഇഷ്ടമായിരുന്നില്ല...........

എന്‍റെ കുപ്പായവും കുടയും നനച്ചു 
പുറത്തു കളിക്കാന്‍ വിടാതെ
 തിമിര്‍ത്ത് പെയ്യുന്ന മഴയെ 
എനിക്ക് ഇഷ്ടമായിരുന്നില്ല '

പരീക്ഷാ ഹാളിലെ 
ജനലഴികള്‍ക്കുള്ളിലൂടെ കടന്നു വന്ന്‍
എന്‍റെ ഉത്തരങ്ങള്‍ മായ്ച് 
(ചോദ്യങ്ങള്‍ ബാക്കി വെച്ച് )
കടന്നു പോകുന്ന മഴയോട് 
എനിക്ക് ദേഷ്യം ആയിരുന്നു,

ഇടിയൊച്ച കേട്ട് 
പേടിച്ചിരിക്കുന്ന എന്നെ 
തകര്‍ന്ന മേല്ക്കൂരക്കുള്ളിലൂടെ 
നോക്കി പൊട്ടിച്ചിരിക്കുന്ന മഴയോട് 
എനിക്ക് പരിഭവമായിരുന്നു

പിന്നെയെപ്പോഴെന്നറിയില്ല .......
നാടുകളില്‍ 
നഗരങ്ങളില്‍ 
പിഴച്ച ജീവിതത്തിന്‍റെ 
എച്ചില്‍പുറങ്ങളില്‍ 
ചീഞ്ഞളിഞ്ഞ  പുറം മോടികളില്‍ 
വിശുദ്ധിയുടെ നേര്‍ത്ത നൂലിഴകളാല്‍ 
തീര്‍ത്ഥം തെളിക്കുന്ന 
മഴയെ           
ഞാന്‍ അറിയാതെ സ്നേഹിച്ചുപോയി ...................

പറയാന്‍ മറന്നത്

എന്തോ പറയാന്‍ വന്നു ...
പ്ര.....
പ്രണയത്തെ കുറിച്ചാണോ ?
അല്ല
പണയത്തെക്കുറിച്ച്
കുറച്ചു പണം വേണമായിരുന്നു
ഈ .....പഴഞ്ചന്‍ ഹൃദയം എടുത്ത് ...
പറയാന്‍ പോകുന്നത് എന്തെന്ന് പിടികിട്ടി
പ്ര.....
അതുതന്നെ
'പ്രാഗ്മാടിസം'

"റിയാലിറ്റി" ഷോ

മിന്നിത്തിളങ്ങുന്ന
ഉടുപ്പില്‍ നിന്നും
കുട്ടി പാടിത്തുടങ്ങി
ടീ ഷേര്‍ട്ടും ജീന്‍സും ഉഗ്രന്‍ ...
പക്ഷെ.....
ഒട്ടിയ കവിളും വയറും
'ഭാവവും' 'സംഗതി'കളും പോരാ
വേദിയില്‍ നിന്നും ജഡ്ജസ്ന്റെ കമന്‍റ്
"ഹീ ഈസ്‌ എലിമിനേടട്"
കടം വാങ്ങിയ ഉടുപ്പ് അഴിച്ചുവെച്
കുട്ടി വീണ്ടും റിയാലിറ്റി ഷോയിലേക്ക്
ഉള്ളിന്‍റെ ഉള്ളിലെ വിശപ്പിന്‍റെ സംഗീതം
അവന്‍ ഉറക്കെ ചൊല്ലി
"അമ്മാ...വല്ലതും തരണേ  ......"
ചട്ടിയില്‍ 'സംഗതി'കള്‍ വീണു തുടങ്ങി.