2010 ഡിസംബർ 17, വെള്ളിയാഴ്‌ച

മഴയെ എനിക്ക് ഇഷ്ടമായിരുന്നില്ല...........

എന്‍റെ കുപ്പായവും കുടയും നനച്ചു 
പുറത്തു കളിക്കാന്‍ വിടാതെ
 തിമിര്‍ത്ത് പെയ്യുന്ന മഴയെ 
എനിക്ക് ഇഷ്ടമായിരുന്നില്ല '

പരീക്ഷാ ഹാളിലെ 
ജനലഴികള്‍ക്കുള്ളിലൂടെ കടന്നു വന്ന്‍
എന്‍റെ ഉത്തരങ്ങള്‍ മായ്ച് 
(ചോദ്യങ്ങള്‍ ബാക്കി വെച്ച് )
കടന്നു പോകുന്ന മഴയോട് 
എനിക്ക് ദേഷ്യം ആയിരുന്നു,

ഇടിയൊച്ച കേട്ട് 
പേടിച്ചിരിക്കുന്ന എന്നെ 
തകര്‍ന്ന മേല്ക്കൂരക്കുള്ളിലൂടെ 
നോക്കി പൊട്ടിച്ചിരിക്കുന്ന മഴയോട് 
എനിക്ക് പരിഭവമായിരുന്നു

പിന്നെയെപ്പോഴെന്നറിയില്ല .......
നാടുകളില്‍ 
നഗരങ്ങളില്‍ 
പിഴച്ച ജീവിതത്തിന്‍റെ 
എച്ചില്‍പുറങ്ങളില്‍ 
ചീഞ്ഞളിഞ്ഞ  പുറം മോടികളില്‍ 
വിശുദ്ധിയുടെ നേര്‍ത്ത നൂലിഴകളാല്‍ 
തീര്‍ത്ഥം തെളിക്കുന്ന 
മഴയെ           
ഞാന്‍ അറിയാതെ സ്നേഹിച്ചുപോയി ...................

1 അഭിപ്രായം: